പള്ളുരുത്തി: ഇടക്കൊച്ചിയില് സീറോ വേസ്റ്റ് പദ്ധതിക്ക് തുടക്കം കുറിച്ച് ജനങ്ങളുടെ കൂടി സഹകരണത്തോടെ മെഗാ ക്ലീനിംഗ് നടത്തി. ഇടക്കൊച്ചി 59-ാം ഡിവിഷനില് തുടക്കം കുറിച്ച ക്ലീനിംഗ് പ്രവര്ത്തനങ്ങള്ക്ക് ഡിവിഷന് കൗണ്സിലര് ലസിത പീറ്റര് നേതൃത്വം നല്കി.
നാല് ഘട്ടങ്ങളിലായി ഒരു വര്ഷം നീണ്ടു നില്ക്കുന്ന പദ്ധതിയാണ് രൂപീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില് പൊതു ഇടങ്ങള് വൃത്തിയാക്കുന്ന പ്രവര്ത്തനമാണ് ആരംഭിച്ചിട്ടുള്ളത്. മാലിന്യം നീക്കം ചെയ്യുന്ന പ്രദേശങ്ങളില് സാധ്യമായ സ്ഥലങ്ങളില് പൂന്തോട്ടങ്ങള് നിര്മിക്കും. പൂര്ണമായും മാലിന്യ മുക്ത ഡിവിഷനാക്കി ഇടക്കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യം.
മാലിന്യ സംസ്കരണത്തില് മാതൃകാ വീടുകളും, വിദ്യാലയങ്ങളും, സ്ഥാപനങ്ങളും കണ്ടെത്തി പുരസ്കാരം നല്കുമെന്ന് കൗണ്സിലര് ലസിത പീറ്റര് പറഞ്ഞു. മെഗാ ക്ലിനിംഗ് പരിപാടിയില് നഗരസഭ ഹെല്ത്ത് ഉദ്യോഗസ്ഥര്, റെസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്, അയല്ക്കൂട്ടം, ഹരിതകര്മ സേന, ഡിഎല്ആര് തൊഴിലാളികള്, നാട്ടുകാര് എന്നിവര് പങ്കെടുത്തു.